മൊണ്ടാന: അമേരിക്കയിലെ മൊണ്ടാനയിലുള്ള ഗ്ലേസിയർ നാഷനൽ പാർക്കിൽ കരടിയുടെ ആക്രമണത്തിൽ ആന്തണി പോളിയോ (33) മരിച്ചു. 1998ന് ശേഷം കരടിയുടെ ആക്രമണത്തിൽ ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണ്.
"അച്ഛാ, ഞാൻ മലകയറുകയാണ്. ഇവിടെ നല്ല വന്യമായ അന്തരീക്ഷമാണ്. ഐ ലവ് യു ഡാഡ്' എന്നാണ് നാഷണൽ പാർക്ക് സന്ദർശനത്തിനിടെ ആന്തണി തന്റെ അച്ഛന് സന്ദേശം അയച്ചിരുന്നു. പിന്നാലെയാണ് കരടിയുടെ ആക്രമണത്തിൽ ആന്തണി മരിച്ചത്. മൗണ്ടൻ ബ്രൗൺ ട്രെയിലിൽ ഒറ്റയ്ക്ക് ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ആന്തണി കരടിയുടെ മുൻപിൽപ്പെട്ടത്.
പരിചയസമ്പന്നനായ ഒരു ഹൈക്കറായിരുന്ന ആന്തണി, കരടിയെ പ്രതിരോധിക്കാൻ "ബിയർ സ്പ്രേ' ഉപയോഗിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ആന്തണിയുടെ മൃതദേഹം നടപ്പാതയിൽ നിന്ന് ഏകദേശം 15 മീറ്റർ അകലെ വനത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ഫ്ലോറിഡ സ്വദേശിയായ ആന്തണി ഒരു മികച്ച കായികതാരവും സാമൂഹിക പ്രവർത്തകനുമായിരുന്നു. മകന്റെ വിയോഗത്തിൽ തളർന്ന അച്ഛൻ ആർതർ, ആന്തണി ഒരു പോരാളിയായിരുന്നുവെന്ന് കണ്ണീരോടെ ഓർത്തെടുത്തു.